തിരുവനന്തപുരം: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ഹിരോഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴക്കൂട്ടം ഭാഗത്ത് നടത്തിയ വ്യാപക പരിശോധനയിൽ കരിയിൽ മംഗലശേരി വീട്ടിൽ ലാലുവിനെതിരായി 2.78 ഗ്രാം മെത്താഫിറ്റമിൻ കൈവശം വെച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.
കൊലപാതക കേസുകളിൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ എക്സൈസ് സംഘത്തെ കണ്ട് ഓടിയെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. കഴക്കൂട്ടം മേനംകുളം തെക്കേമുക്ക് കരിയിൽ ജ്യോതിസ് സെൻട്രൽ സ്കൂളിന് സമീപം വൈഷ്ണവം വീട്ടിൽ അക്ഷയ് ബാബു (24) എന്നയാളെ 3.82 ഗ്രാം മെത്താഫിറ്റമിൻ കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു. റെയിഡിൽ പ്രിവന്റീവ് ഓഫീസർ അജയൻ, പ്രിവന്റീവ് ഓഫീസർമാരായ എം. വിശാഖ്, രാജേഷ് പി. രാജൻ സിവിൽ എക്സൈസ് ഓഫീസർമാരായ വി.വി വിനോദ്, ആരോമൽ രാജൻ, ബിനോജ്, അഭിജിത്ത്, ശരൺ, ഗോകുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ഹരിത മോഹൻ എന്നിവർ പങ്കെടുത്തു.